അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റിന്റെ നാലാംദിനമായ ഇന്നലെ മലയാളികളുടെ തകര്‍പ്പന്‍ പ്രകടനം. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും മലയാളിതാരങ്ങള്‍ സ്വന്തമാക്കി.
പാലക്കാടുകാരിയായ കെ.എ. അനാമിക ഹെപ്റ്റാത്തലണില്‍ നേടിയ സ്വര്‍ണം ഹൈദരാബാദ് എസ്ആര്‍എം സര്‍വകലാശാലയുടെ അക്കൗണ്ടിലാണ് എത്തിയത്. എന്നാല്‍, വി.എസ്. അനുപ്രിയ ഷോട്ട്പുട്ടിലൂടെ കാലിക്കട്ട് സര്‍വകലാശാലയ്ക്കു സ്വര്‍ണം സമ്മാനിച്ചു. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്. ഷാഹുല്‍ വെള്ളിയും വനിതാ പോള്‍വോള്‍ട്ടില്‍ നേഘ എല്‍ദോ വെങ്കലവും കാലിക്കട്ടിന്റെ അക്കൗണ്ടിലെത്തിച്ചു.
ഷോട്ടില്‍ അനുപ്രിയ
വടക്കേ ഇന്ത്യന്‍ താരങ്ങളുടെ കുത്തക ഇനങ്ങളിലൊന്നായ ത്രോയില്‍ കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ് കാലിക്കട്ട് സര്‍വകലാശാലയ്ക്കുവേണ്ടി ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ വി.എസ്. അനുപ്രിയ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിഎ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി. കാസര്‍ഗോഡ് തൃക്കരിപ്പുര്‍ സ്വദേശിയായ അനുപ്രിയ കെസി ത്രോസില്‍ കെ.സി. ഗിരീഷിന്റെ ശിഷ്യയാണ്. ശശി-രജനി ദമ്പതികളുടെ മകളായ അനുപ്രിയ, 14.52 മീറ്റര്‍ ഷോട്ട് പായിച്ച് സ്വര്‍ണം സ്വന്തമാക്കി. യോഗ്യതാ റൗണ്ടിനേക്കാള്‍ (14.62) മികച്ച ദൂരം ഫൈനലില്‍ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ സങ്കടവുമായാണ് അനുപ്രിയ ഫീല്‍ഡ് വിട്ടത്.
ഷാഹുല്‍, നേഘ
പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു എസ്. ഷാഹുലിന്റെ വെള്ളി നേട്ടം. കാലിക്കട്ടിന്റെ മറ്റൊരു ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന റഹില്‍ സക്കീര്‍ ഹര്ഡിലില്തട്ടി വീണത് വേദനയായി. മദ്രാസ് സര്‍വകലാശാലയുടെ എ. അരവിന്ദിനാണ് (14.10) സ്വര്‍ണം.
പാലക്കാട് മേപ്പറമ്പില്‍ ഹിബ മന്‍സില്‍ സയീദ് മുഹമ്മദിന്റെയും സുനീറയുടെയും മകനാണ് വിക്ടോറിയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ് സി ഫിസിക്സ് വിദ്യാര്‍ഥിയായ ഷാഹുല്‍. ഒളിമ്പ്യന്‍ ഹരിദാസിന്റെ ഒളിമ്പിക് അക്കാഡമിയിലാണ് പരിശീലനം.
3.70 മീറ്റര്‍ ഉയരം കീഴടക്കിയാണ് വനിതാ പോള്‍വോള്‍ട്ടില്‍ കാലിക്കട്ടിന്റെ നേഘ എല്‍ദോ വെങ്കലം സ്വന്തമാക്കിയത്. സ്വര്‍ണം, വെള്ളി നേട്ടക്കാരും ക്ലിയര്‍ ചെയ്തത് ഇതേ ഉയരമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അവസാനവര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. എറണാകുളം കിഴക്കമ്പലത്ത് എല്‍ദോ-എല്‍സി ദമ്പതികളുടെ മകളാണ്. സി.ആര്. മധുവാണ് പരിശീലകന്.
രണ്ടാം റിക്കാര്‍ഡ്
85-ാം അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ രണ്ടാം റിക്കാര്‍ഡ് ഇന്നലെ പിറന്നു. പുരുഷ വിഭാഗം പോള്‍വോള്‍ട്ടില്‍ ഗ്വാളിയാര്‍ ഐടിഎം സര്‍വകലാശാലയുടെ കുല്‍ദീപ് യാദവാണ് റിക്കാര്‍ഡ് കുറിച്ചത്. 5.10 മീറ്റര്‍ കുല്‍ദീപ് ക്ലിയര്‍ ചെയ്തു. 5.15 മീറ്റര്വച്ചെങ്കിലും മൂന്നു ശ്രമത്തിലും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. 2024ല്‍ മദ്രാസിന്റെ കെ. ഗൗതം കുറിച്ച 5.00 മീറ്ററാണ് ഇന്നലെ തകര്‍ന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പെരിയാര്‍ സര്‍വകലാശാലയുടെ എസ്. കവിന്രാജും ഗുരുകാശിയുടെ രാം രത്തനും 5.10 മീറ്റര്‍ ക്ലിയര്‍ ചെയ്തു. എന്നാല്‍, ദേശീയ റിക്കാര്ഡുകാരനായ ദേവ്കുമാര്മീണ 5.01 മീറ്ററില്‍ നാലാമതായി.
റോബര്‍ട്ട് ബോബി ജോര്‍ജ് പരിശീലിപ്പിക്കുന്ന മുബസീന മുഹമ്മദിനാണ് വനിതാ വിഭാഗം ലോംഗ്ജംപില് സ്വര്‍ണം. 6.19 മീറ്ററാണ് ലക്ഷദ്വീപ് സ്വദേശിയായ മുബസീന ക്ലിയര്‍ ചെയ്തത്. ഹൈദരാബാദ് എസ്ആര്‍എം സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്.
സെഞ്ചുറി
ഓവറോള്‍ മെഡല്‍ ടേബിളില്‍ കിരീടത്തിലേക്ക് അടുത്ത് മദ്രാസ് സര്‍വകലാശാല. നാലാംദിനം അവസാനിച്ചപ്പോള്‍ 102 പോയിന്റാണ് മദ്രാസിനുള്ളത്. പോയിന്റ് നേട്ടത്തില്‍ ഇത്തവണ സെഞ്ചുറി കടക്കുന്ന ആദ്യ സര്‍വകലാശാലയായി മദ്രാസ്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാംഗളൂരു സര്‍വകലാശാല 79 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുമായി കാലിക്കട്ട് നാലാം സ്ഥാനത്താണ്.
പുരുഷ വിഭാഗത്തിലും മദ്രാസ് (59 പോയിന്റ്) സര്‍വകലാശാലയാണ് ഒന്നാമത്. വനിതാ വിഭാഗത്തില്‍ ഛണ്ഡിഗഡ് (45) സര്‍വകലാശാലയും.